Latest Updates

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് ജില്ലകൾക്ക് മാത്രം അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്താണ് പുതുതായി രണ്ട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്നതാണ്. കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൂടാതെ കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice